എന്റെ ചിന്തുകള്‍ !! – Anju Pulakkat

ഒക്ടോബര്‍ 7, 2009

http://www.anju-pk.blogspot.com

Filed under: കവിതകള്‍ — Anju Pulakkat @ 6:56 pm

ഇതില്‍ തല്‍ക്കാലത്തേക്ക്, ഒരു ഇടവേള….

check out my other blog  –  anju-pk.blogspot.com

ജൂണ്‍ 24, 2009

ഒടുവില്‍..

Filed under: കവിതകള്‍ — Anju Pulakkat @ 11:48 am

ഒടിച്ചൊതുക്കിയ സ്വപ്നങ്ങളുടെ തുണ്ടുകളെന്റെ
വായ്ക്കരിയായി ഇനിയിടുക,
ഹൃദയത്തിലെരിഞ്ഞ പ്രതീക്ഷകളുടെ കനല്‍ കൊണ്ടെന്‍,
തലക്കലൊരു വിളക്കു വക്കുക,
നീ വരുമെന്നറിയാം അവസാനമായെന്നെ കാണാന്‍,
ഒന്നും അറിയാതെ,
ഞാന്‍ മരിച്ചതെന്തിനു പോലെന്നുമറിയാതെ,
പക്ഷേ, നീ പറഞ്ഞ പോലെ,
മാംസനിബന്ധമല്ലേ ഇപ്പോള്‍ അനുരാഗങ്ങള്‍..
പറയാന്‍ യാത്രാമംഗളങ്ങളെങ്ങിനെ ഉണ്ടാവും?
എന്റെ പ്രണയം പറയാന്‍ വാക്കുകളുടെ കുളിര്‍ മഴ തേടി,
ആകാശവും ഭൂമിയുമായി നമ്മള്‍ നിന്നപ്പോള്‍
ഒടുവില്‍ മരുഭൂമികളില്‍ മഴ പെയ്യില്ലെന്നറിഞ്ഞ് ഞാന്‍
തിരികെ മടങ്ങിയപ്പോള്‍,
അവിടെ മറുകരയില്‍ നീ ഒരിക്കലും വന്നിരുന്നില്ലെന്നറിഞ്ഞപ്പോള്‍…
ഞാന്‍ ചെയ്ത തെറ്റ് പ്രണയവുമായിരുന്നോ?
തിരഞ്ഞെടുത്ത ശിക്ഷ ഏകാന്തതയും,
അതൊരു തെറ്റായിരുന്നോ?
ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ ഞാന്‍ പ്രണയിക്കില്ല….
സ്വപ്നങ്ങള്‍ കണ്ട് സമയം കളയില്ല..
പ്രണയ ലേഖനങ്ങളെഴുതാന്‍
ഹൃദയത്തിന്റെ താളുകള്‍ കീറില്ല…
ഒന്നുമില്ലെങ്കിലും, നിന്നോട് കള്ളം പറയില്ല,
ഒരിക്കലും പ്രണയിച്ചിരുന്നില്ല എന്ന്…

ജൂണ്‍ 23, 2009

നീ മഴയായൊന്നു പെയ്യാമോ???

Filed under: കവിതകള്‍ — Anju Pulakkat @ 7:54 am

നീ മഴയായൊന്നു പെയ്യാമോ???
എനിക്കൊന്നു നനയണം….
എന്റെ കണ്ണീര്‍ ഈ മഴതുള്ളികളില്‍ കുതിരാനായ്‌
തിളക്കുന്ന ചില മോഹങ്ങള്‍ അണക്കാനായി,
നീ എന്ന പ്രണയം ഉള്‍ക്കൊള്ളാനായി…
ഒന്നു പെയ്യാമോ…?
കാത്തു നിന്നിട്ടും വരാത്ത നീ, എവിടെയോ
മുകില്‍ കാണിച്ചു കൊതിപ്പിക്കുന്നു..
നീ വരുമെന്നു പറയുന്നതു പോലും,
മഴക്കു മുന്‍പിലെ കുളിര്‍ക്കാറ്റു പോലെ..
നീ എന്നെ കൈവിരലുകളാല്‍ മീട്ടുമ്പോള്‍,
തരളിതമായ പുഴയിലേക്കു നീളുന്ന മഴവിരലുകള്‍ പോലെ..
മഴയില്‍ കുതിരുന്ന മണ്ണിന്‍ നിന്റെ മണമാണോ??!!
ഹൃദയത്തിലെവിടേക്കോ ഇറങ്ങി, ചൂടു പിടിപ്പിക്കുന്ന ഗന്ധം!
ഈ മഴയിലായിരുന്നു നിന്റെ കുസൃതിക്കണ്ണുകള്‍ ഞാനാദ്യമായ് കണ്ടത്..
ആദ്യമായി എന്റെ കൈ പിടിച്ചപ്പോള്‍ ചിരിച്ചു വീണുടഞ്ഞ,
വളപ്പൊട്ടുകള്‍ മഴവെള്ളത്തില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചപ്പോള്‍,
മഴ പറഞ്ഞത്,
പ്രണയത്തിന്‍ ആയിരം വര്‍ണ്ണങ്ങളുണ്ടെന്നായിരുന്നോ?
മഴയുടെ രുചി പക്ഷേ ചിലപ്പൊഴൊക്കെ എന്റെ കണ്ണീരിന്റേതാണു,
തീര്‍ന്നു പോയ ഉപ്പിന്റെ എന്തോ ഒരു രസം പോലെ…
പക്ഷേ പ്രണയത്തിന്റെ ചാറ്റല്‍ മഴ നുണയാത്ത ഞാന്‍
കാത്തിരിക്കുന്നത്,
നീ എന്ന പേമാരിയില്‍ അലിഞ്ഞു തീരാനാണ്!!
നീ മഴയായി പെയ്യുന്നതും കാത്ത്….
വിരസമായ ഈ മഴ നനഞ്ഞ്….

മാര്‍ച്ച് 22, 2009

ഇങ്ങനേയും ഒരമ്മ !

Filed under: കവിതകള്‍ — Anju Pulakkat @ 4:02 pm

രക്തം ഒഴുകുന്ന വഴിയൊരു ഭൂതകാലം ഓര്‍മ്മിപ്പിച്ചു…
ഇതു പോലെ, ചുവന്ന വാകയിതളുകള്‍ വീണ ഒരു വഴിയില്‍,
തുടിക്കുന്ന ഹൃദയവുമായി, ഒരാളുടെ കൈ പിടിച്ച്,
ആ വഴിയില്‍ കണ്ടതെല്ലാം മനോഹരമായിരുന്നു…
എവിടെയോ വച്ച് പക്ഷേ,
കണ്ണിലൂടൊഴുകിയതും രക്തമായിരുന്നോ….
വഴിയറിയാതെ, അതു വീണിടത്തെല്ലാം പൂത്തത്, വാകയും…
ഒരു കുഞ്ഞു തുടിപ്പു പേറിയിട്ടും…
പലരും ഭാവിയെ കുറിച്ചോര്‍മ്മിപ്പിച്ചു….
അറുത്തു കളയാന്‍ ഒരു പൂമൊട്ട്…
അന്നു മുറിഞ്ഞൊഴുകിയ രക്തത്തിലൂടെ, അവന്‍
ശ്വസിക്കാതെ കടന്നു പോയി..

ഇപ്പോഴും സ്വപ്നങ്ങളില്‍ ഒരു ചിരി കേള്‍ക്കാം
ഒരു വിളി കേള്‍ക്കാം…
കുറെ ചോദ്യങ്ങള്‍ കേള്‍ക്കാം…
എന്റെ പ്രണയം ഈ വഴിയേ തിരിച്ചു വന്നിട്ടും….
എനിക്ക് നഷ്ടമായ, എന്റെ ജീവന്റെ ആ തുടിപ്പ്…
ഇപ്പോഴും എന്നെ തൊടുന്നതറിയാം
അപ്പോള്‍ ഹൃദയത്തിലേക്കും ഒരു നനവു പടരുന്നു….
മാറു നിറയുന്നു…
എനിക്ക്, നഷ്ടമായൊരെന്റെ മാതൃത്വം…
അത്, എന്തിലും വലുതായതും…
കണ്ണീരും മുലപ്പാലും കൊണ്ടലിഞ്ഞു തീരാറായൊരമ്മ,
ഇവിടെ അവനെ ഓര്‍ത്ത് കരയുന്നുണ്ടെന്നവന്‍ അറിയുന്നുണ്ടോ?
കൈ ഞരമ്പുകളിലൂടെ ഇറ്റിറ്റു വീഴുന്ന രക്തം…
എന്റെ കുഞ്ഞിന്റെ രക്തത്തിനു പകരമാവുമോ??…
മരിച്ചാലും അവിടെ എത്തിയാല്‍,
അവനെ ഞാന്‍ എങ്ങിനെ നോക്കും…
അവന്‍ ശപിച്ചില്ലെങ്കിലുംഒരു നൂറു ജന്‍മത്തിലേക്ക്,
അമ്മയാവാന്‍ ഇനി എനിക്കു കഴിയോ??
മുഖം തെളിയും മുന്‍പ്‌, ഹൃദയം മിടിക്കും മുന്‍പ്‌
അവനെ ഞാന്‍…….

ഒഴുകുന്ന ഈ രക്തതിലൂടെ, എന്റെ ജീവന്‍ ഒലിച്ചു പോവുകയാണ്…
മുക്തി കിട്ടാതെ, ഞാനിവിടെ അലയുമ്പോളും…
ഉള്ളില്‍ ഞാന്‍ കാണാത്തൊരെന്റെ കുഞ്ഞ്….
അവന്‍ എന്നെ സ്‌നേഹിച്ച് ശ്വസം മുട്ടിക്കുന്ന പോലെ…
അതില്‍ ഞാന്‍ ഞെരിഞ്ഞമര്‍ന്ന്,
പതിയേ…പതിയേ…. എവിടേക്കോ… യാത്രയാവുന്നു…

അറിയുക നീ ഇനിയെങ്കിലും…

Filed under: കവിതകള്‍ — Anju Pulakkat @ 4:00 pm

അറിയുക നീയെന്റെ പ്രണയമെന്ന്,
അറിയുക ഞാന്‍ നിന്റെ സ്വന്തമെന്നും,
ഉടല്‍ പുണരുന്നൊരു മഴയായി നിന്നില്‍ -
പൊഴിയുന്നതെന്റെ കണ്ണീരെന്നും,
അറിയുക നീ ഇനിയെങ്കിലും…
നിന്നെ മൂടിയൊതുക്കിയ, മേഘങ്ങളില്‍,
നീ കണ്ട കറുപ്പു മറക്കുക,
പകരം, ഞാനെന്നൊരീ നിറമാര്‍ന്ന
വര്‍ണ്ണരാജിയെ തന്നോടു
ചേര്‍ക്കുക..
ആയിരം വസന്തമൊരുക്കാനെനിക്കാവില്ലയെന്നാല്‍
നിന്റെ കണ്ണീരൊണക്കാന്‍, ഒരു കുഞ്ഞു സൂര്യനായ്‌
സ്വയം അലിഞ്ഞുരുകാനെനിക്കായിടും…
തൊലിയുരിയാന്‍ വെമ്പുന്ന നിന്റെ സര്‍പ്പങ്ങളെ,
എന്നിലേയ്ക്കയക്കുക…
അവയുടെ ദാഹം തീര്‍ക്കാനെന്റെ ജീവരക്തം ഞാന്‍ പകരം നല്‍കാം
നിന്റെ ചവിട്ടേറ്റു പിടയുന്നൊരു നിന്‍ നിഴലായി,
വടിച്ചു മാറ്റുന്ന
വിയര്‍പ്പായി,
നിന്റെ തണലായി,
നീയറിയാതെ,  ഞാനൊപ്പമുണ്ടെന്നറിക…
അറിയുക നീ ഇനിയെങ്കിലും….
നിന്റെ മനോനീഢത്തിലേക്കിറങ്ങി വന്ന,
ചിറകൊടിഞ്ഞ പക്ഷിയാണു ഞാന്‍,
എന്നെ നിന്റെ തടവിലാക്കുക,
അവിടെ,
പൂത്തുലഞ്ഞ മരമായിയെന്റെ പ്രണയവും,
ഒരിക്കലും മടങ്ങാത്ത വണ്ടായി നീയും
സ്വയം മറന്നൊന്നു ചേരട്ടെ,
എന്റെ ഹൃദയമിടിപ്പുകള്‍ ഞാനീ വിണ്ണില്‍
വിതറുന്നു,
നക്ഷത്രങ്ങളായവ പുനര്‍ജ്ജനിക്കട്ടെ,
അതണയും വരെ, എനിക്ക് നിന്നെ കണ്ടു കൊണ്ടിരിക്കാമല്ലോ!
ഇതെന്റെ ഹൃദയമാണെന്നറിക,
ഒതുക്കി ഞാന്‍ വച്ചൊരെന്റെ വികാരങ്ങളുടെ,
ചിറകിലേറ്റി, ഞാനയക്കുന്നു നിന്നിലേക്ക്
നിനക്കതേറ്റു കൊള്ളാം; ഇല്ലെങ്കിലും,
അതു നിന്നിലേക്കലിയുമെന്നതും അറിക നീ…
നീ ശ്വസിക്കുന്ന കാറ്റിലും, കുടിക്കുന്ന നീരിലും,
മണക്കുന്ന പൂവിലും,
കേള്‍ക്കുന്ന പാട്ടിലും
അതു പിറക്കുമെന്നും, അറിക നീ…
എന്റെ തുടക്കവും ഒടുക്കവും,
നിന്നിലെന്നും
അറിയുക നീ ഇനിയെങ്കിലും,
വെറുതെ അറിയുക നീ ഇനിയെങ്കിലും…

അച്ഛന്‍

Filed under: കവിതകള്‍ — Anju Pulakkat @ 3:56 pm

കീറിയ പുസ്തകം കാണിച്ച് കൊടുത്തപ്പോള്‍,
ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു,
അത്ര ഭാഗം പഠിക്കാതെ കഴിഞ്ഞില്ലേ….
എനിക്കൊന്നും മനസ്സിലായില്ല..
വഴിയിലെ ബലൂണുകള്‍ നോക്കി നടന്നപ്പോള്‍,
അച്ഛന്‍ വാങ്ങിച്ചു തന്നതിന്, വലുപ്പമില്ലെന്നു തോന്നി…
പത്താംക്ലാസ്സിലെ നല്ല മാര്‍ക്ക് കണ്ടിട്ടും അച്ഛന്‍ പറഞ്ഞു,
ഒന്നു കൂടെ നന്നായി പഠിച്ചിരുന്നെങ്കില്‍….
എപ്പോഴും അച്ഛന്‍ ചായ മാത്രമേ പുറത്തു നിന്നും കുടിച്ചുള്ളൂ..
എന്നിട്ടും അച്ഛനെ എനിക്ക് മനസ്സിലായില്ല…
വെറുതേ ഞാന്‍ചോക്‌ളേറ്റുകള്‍ വാങ്ങി കഴിക്കുമ്പോഴും,
വീട്ടില്‍ അച്ഛന്‍ ചില ദിവസങ്ങളില്‍
മരുന്നു കഴിക്കാത്തതെന്താണെന്ന്,
ഞാനെന്തേ മനസ്സിലാക്കാത്തത്‌??
ഞാന്‍ നേരെയാവാന്‍ എന്നെ അടിച്ചതിന്റെ
ഓര്‍മ്മപ്പെടുത്തലുകള്‍ നോക്കിയിരിക്കുമ്പോള്‍,
അച്ഛന്റെ ഈ മകള്‍ നേരെയായില്ലെന്നും,
എവിടേയും എത്തിയില്ലെന്ന്‌ പറയുമ്പോഴും..
അച്ഛന്റെ സ്വപ്നങ്ങളെ ഞാന്‍ എങ്ങോട്ടോ,
തള്ളിയിടുകയാണോ??
അച്ഛന്റെ ചില സ്വഭാവങ്ങള്‍ ഇഷ്ടമല്ലെന്ന്
പറയുമ്പോഴും..
എല്ലവരുടെയും കാണാമറയത്ത്, ഇരിക്കുമ്പോഴും
അച്ഛനെ മാത്രേ കാണാന്‍ തോന്നുന്നുള്ളൂ…
അച്ഛന്‍ എന്നെ മനസ്സിലാ
ക്കുന്നുണ്ടോ എന്തോ..

നവംബര്‍ 24, 2008

നിളേ..

Filed under: കവിതകള്‍ — Anju Pulakkat @ 11:56 am

ഇതോ നീയെന്‍ നിളേ, അതൊ നിന്റെ നിഴലില്‍ ,
നീ വേഷം ധരിച്ചു കിടപ്പതോ?
കഥയറിയാതെ ഞാനിന്നു നിന്‍ തീരത്ത്,
കളിവീട് വീണൂരു കുട്ടിയായ് നില്‍ക്കുമ്പോ

നിന്റെ മുറിപ്പാടിന്‍ വേദന ഇപ്പൊഴീ,
രാത്രിയെ പോലും വ്യഥയിലാഴ്ത്തീടുമ്പോള്‍..
ഇരുളിന്റെ ഗാഢത കൂട്ടിയീ രാത്രിയും,
നിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്നീടുന്നു…

ശര ഭൂഷിണിയായ് മരണത്തിന്‍ ശയ്യയില്‍,
കണ്ണീരു പോലും വരണ്ടു കിടക്കുമ്പോള്‍,
വിളറിയൊരാകാശം മേഘങ്ങളില്‍ വറ്റും
തണ്ണീര്‍ നിനക്കായി പെയ്യാന്‍ ശ്രമിക്കുന്നു.

ഇടി മുഴക്കത്തിന്റെ രൂപത്തിലുച്ചത്തില്‍
അലറി കരയുന്നു മേഘങ്ങള്‍ പോലുമേ…
തീരത്തു നില്ക്കും മരങ്ങളില്‍ പൂക്കാലം
വര്‍ണങ്ങള്‍ പെയ്തതും, നിര്‍ജ്ജീവമാകുന്നു..

മുറ്റി നിന്നീടുന്ന തേനിന്‍ കണങ്ങളായ്,
സസ്യ ജാലങ്ങള്‍ നിനക്കായ് കരയുമ്പോള്‍…
എങ്ങിനെ ഞാന്‍ നിന്നെ ആശ്വസിപ്പിചീടും?
എങ്ങിനെ ഞാന്‍ നിന്റെ കണ്ണീര്‍ തുടച്ചിടും?

മൌനമായ് ഞാനുള്ളില്‍ പ്രാര്‍ത്ഥിച്ചിടുന്നു നിന്‍,
നിത്യ ശാന്തിക്കായ് മരണത്തിനും മുന്‍പെ..
ഒരു തുള്ളി വെള്ളം നിന്‍ നാവിലൊറ്റിച്ചിടാന്‍,
എവിറ്റുന്നു ഞാനെന്റെ കൈകള്‍ നനച്ചിടും?

കാണുവാന്‍ പൊലും കിടക്കാത്ത കറുകയാല്‍,
നിനക്കായി എങ്ങിനെ ബലിച്ചോറു നല്കീടും?
മുക്തിക്കു വേണ്ടി ഞാന്‍ നിന്റെ ചിതഭസ്മം
മറ്റേതു നിളയില്‍ നിമഞ്ജനം ചെയ്തിടും?

ഇന്നു നിന്നുള്ളിലവശേഷിക്കുമിത്തിരി
വെള്ളം നിന്‍ കണ്ണീരോ, ഒഴുകുന്ന രക്തമോ?
മാറു പിളര്‍ന്നൊരീ നിന്റെ പുത്രന്മാര്‍ തന്നെ,
ചെയ്യുന്ന പേക്കൂത്തിന്‍ ദൃഷ്ടാന്ത ചിത്രമോ?

നീ ഒഴുകാറുള്ള പാതകള്‍ കോണ്‍ക്രീറ്റിന്‍,
ഭെദ്യമല്ലാതുള്ള വിപിനമായ് മാറുമ്പോള്‍?
നാളെയീ വാനം നിനക്കായിയെത്രയും
പേമാരി പെയ്യിച്ചു നില്ക്കുവില്‍ കൂടിയും..

നിന്റെ അകലമാം ചരമം കുറിച്ചൊരീ
മാനവര്‍ നിന്നെ തടഞ്ഞു നിര്‍ത്തീടുകില്‍..
തീരം തഴുകുന്ന കുഞ്ഞോളമായി നീ
എങ്ങിനെ വീണ്ടും ഒഴുകി നടന്നിടും?

അറിയാമെനിക്കു നീ ഉള്ളിലുറപ്പിച്ചാല്‍,
തടയുന്ന ശക്തികള്‍ കുത്തിയൊലിച്ചിടും..
എന്നിട്ടുമെന്തെ നീ സംഹാര രൂപിയായ്,
നിന്റെയതിരുകള്‍ വീണ്ടെടുക്കാത്തതും?

നിന്റെ രക്തത്തില്‍ ആറാടി നില്ക്കുമീ
മക്കളെ എന്തിനിനിയും സ്‌നേഹിക്കണം??
അമ്മയെ കൊല്ലാനായ് കത്തിയൊങ്ങുന്നവര്‍
നിന്റെ വാല്‍സല്ല്യത്തെ എങ്ങിനറിഞ്ഞിടും?

ഒഴുകു നീ എല്ലാം മറന്നൊന്നു കൂടി..
ഒഴുകു നീ ഉള്ളം നിറഞ്ഞൊന്നു കൂടി..
വഴി മുടക്കീടുന്നതെല്ലാം കടലിന്റെ
വഴിയെ പായിച്ചിട്ടു ഒഴുകു നീ വീണ്ടുമേ…

ഇതോ പ്രണയം?

Filed under: കവിതകള്‍ — Anju Pulakkat @ 11:12 am

ഒരു കൊച്ചു കാറ്റിന്റെ തള്ളലില്‍ പോലും ഞാന്‍,
കുളിരണിഞ്ഞുലയുന്നതെന്തിനാവാം…
ആയിരം മാരിവില്‍ കണ്ടിട്ടും നിറയാതെ,
കണ്ണുകള്‍ തിരയുന്നതാരെയാവാം…
രാത്രിയില്‍  കനവുകള്‍ കാണാതെ എന്തിനാം
ഉണരുവാന്‍ വെമ്പി  കിടക്കുന്നതും..
കുടയെടുക്കാതെന്തിനീ, മഴ പെയ്യും നേരത്ത്,
വഴിയില്‍ ഞാനാരെയോ കാക്കുന്നതും…
തനിയെ നടക്കുമ്പോള്‍ വിരലുകള്‍ പതിയേതോ,
സ്പര്‍ശനം നേടാന്‍ കൊതിക്കുന്നതും ..
എത്ര കണ്ടിട്ടും മതി വരാതെന്തിനാം
നിന്‍ ചിത്രം നോക്കിയിരിക്കുന്നതും..
പറയുവാനൊത്തിരി മനസ്സില്‍ കരുതിയും,
വാക്കുകള്‍ ചുണ്ടിലായ് തങ്ങുന്നതും
നിന്റെ മിഴികള്‍ തന്‍ ആഴങ്ങളിലെങ്ങോ,
ആണ്ടു ഞാന്‍ പോവുന്ന പോലാവുന്നതും
അറിയില്ലിതാണോ പ്രണയത്തിന്‍ ഭാവങ്ങള്‍
അറിയുന്നുവെങ്കില്‍ ഞാന്‍ അറിയാതെ എങ്ങാണ്ടോ..

ഒക്ടോബര്‍ 22, 2008

സീത

Filed under: കവിതകള്‍ — Anju Pulakkat @ 1:44 pm

ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ…

ഉത്തമനാണു നിന്‍ രാമനെന്നു ജനം
വിധിച്ചിടുന്നു, ഈ യുഗത്തിലും..

പുഷ്പവീഥികള്‍ മാത്രം കണ്ട നീ
വിപിന പാതയില്‍ കാലിടറിയോ?

പരീക്ഷിച്ചവന്‍ നിന്റെ പാതിവ്രത്യവും
സംശയിച്ചില്ലെ ഒന്നിലേറെയും

തുടിച്ചിടുന്ന രണ്ടു ജീവനും പേറി
കയറി അന്നൊരു കാട്ടിലേക്കു നീ..

ഒരിക്കല്‍ പോലും നീ പരിഭവിച്ചില്ല?..
തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചുമില്ല..

പത്തു പേര്‍ ചൊല്ലില്‍, ഉപേക്ഷിക്കുവാനായോ?
മറുത്തു നീ എന്തേ ഒന്നും പറഞ്ഞില്ല?

സ്‌നേഹം ആഗ്രഹിച്ചീടുന്ന നേരത്ത്,
രാമന്‍ നിന്നെ തനിച്ചു വിട്ടതും..

ഇനിയുമെങ്ങിനെ കഴിയുമീ രാമന്
മാപ്പ് നല്കുവാന്‍ നിനക്കു മൈഥിലീ…?

എന്തു ഞങ്ങളീ പുതിയ തലമുറ
പഠിക്കണം നിന്റെ ജീവിതത്തില്‍ നിന്നും

ജീവിതം വെറും സഹനം മാത്രമോ?
നിഴലു മാത്രമോ ഭാര്യയെന്നവള്‍?

അവള്‍ക്കു ചോദ്യങ്ങള്‍ ഒന്നുമേ ഇല്ലെ?
അവന്റെ ലോകമോ അവള്‍ക്കു പിന്നീട്..

ആഗ്രഹങ്ങളും  തന്റെ ലോകവും
മറന്നു വേണമോ ഭാര്യയായിടാന്‍…

പറഞ്ഞു നല്കണം നിങ്ങള്‍ പൂര്‍വ്വികര്‍
മാതൃകജനമെന്നു ഞങ്ങള്‍ കേട്ടവര്‍..

ഒക്ടോബര്‍ 13, 2008

ഞാന്‍ പറയട്ടെ…

Filed under: കവിതകള്‍ — Anju Pulakkat @ 2:32 pm

ഹൃദ്യമാമീ ഗാനം പാടിയതാരാണോ,
അറിയില്ല എങ്കിലും കേട്ടിരിക്കാം
പാടുന്ന പാട്ടിലെന്‍ ജീവന്‍ ലയിക്കുന്ന,
വേഗത കണ്ടങ്ങു നാണിച്ചിടാം
നീ വരും നേരത്തു പാടുവാന്‍ മാത്രമായ്
ഈ വരി ഹൃദയത്തില്‍ സൂക്ഷിച്ചിടാം..
ഇടയുവാന്‍ വെമ്പുന്ന  മിഴികളിന്‍ ആഴത്തില്‍
എന്റെ മൌനങ്ങള്‍ ഞാന്‍ ചേര്‍ത്തു വയ്ക്കാം..
വിരിയുന്ന പൂവിന്റെ ഹൃദയമിടിപ്പു പോല്‍
നിന്നൊടു മാത്രമായ് പരിഭവിക്കാം.
ചിതലരിച്ചീടുന്ന എന്റെ ദു:ഖങ്ങളോ
ഒരു കൊച്ചു കുസൃതി പോല്‍ തട്ടി മാറ്റാം
ആരോ നിന്‍ മനതാരില്‍ ഏല്‍പ്പിച്ച മുറിവുകള്‍
എന്റെ രക്തം നല്കി മായ്ച്ചിടാം ഞാന്‍.
ഒഴുകുന്ന നദിയിലെ ഓളങ്ങള്‍ പൊലൊരീ,
പ്രണയമാ സാഗരം നീന്തിടും നാം.

അടുത്ത താള്‍ »

Blog at WordPress.com.